“പുഴപറഞ്ഞ കഥ”

images

പുഴയും കടലും ആലിംഗനത്തിലമരുന്ന കാഴ്ച എന്നും ഒരു വിസ്മയമാണ്.
അലറിയാർത്ത് തല തല്ലിത്തിമിർക്കുന്ന കടലിൻ കൈകൾ പുഴയുടെമാറിൽ എത്ര ശാന്തയാണ്.
അതെ,ഓരോ തിരമാലകളോടും അവർ രഹസ്യമായി എന്തോ മന്ത്രിക്കുന്നുണ്ട്.

കാടും മേടും നനച്ചു നീ, അതിരറ്റ സ്നേഹത്തിന്‍റെ കഥകൾ പറഞ്ഞു.
നാഗരികതയുടെ നാറുന്ന അഴുക്കുചാലുകളും പേറി നീ കണ്ണീരിന്‍റെ തീരാക്കഥകൾ കുറിച്ചു.
നട്ടുനനച്ചു വളർത്തിയവർത്തന്നെ നിന്നെ കിളച്ചു വറ്റിക്കുന്ന നന്ദികേടിന്‍റെ ചില കഥകൾ.
അങ്ങിനെ കഥകളുടെ ഭാണ്ഡവും തോളിൽപേറി ആരെയും കാത്തുനിൽക്കാതെ കടലിലലിയുന്നു നീ.
ഒടുക്കം ,സ്വാതന്ത്ര്യം എന്ന അനിവാര്യതയാണ് മരണം എന്നത് പുഴകള്‍ നമ്മെ വീണ്ടും ഓർമിപ്പിക്കുന്നു ….

ഒടുക്കങ്ങൾ എപ്പോഴും വേദനാജനകം തന്നെയാണ്.
എങ്കിലും നേരുള്ളതെന്തിന്‍റെയും അന്ത്യം അതുപോലെതന്നെ മനോഹരവുമായിരിക്കും.
ഒരു പുഴ ഇവിടെ, ഈ കടൽക്കരയിൽ അവസാനിക്കുകയാണ്.
എങ്കിലും കഥകൾ പറയാതിരിക്കുവാൻ അവർക്കൊരിക്കലുമാകില്ല.
കാരണം പുഴകൾ കഥാകൃത്തുക്കളാണ്.
ഈ മഹാസാഗരംതന്നെ പുഴകൾ നെയ്തുകൂട്ടിയ ഒരു വലിയ കഥയാണ്.

കറുത്ത ഹൃദയങ്ങള്‍.

Image

 

കത്തിച്ചുവച്ച ഒരു മെഴുകുതിരിയുടെ ഇത്തിരിവെട്ടത്തില്‍ പെരുമഴയും ഇളകി മറിയുന്ന കടലും….
ഉള്ളില്‍ ഉറഞ്ഞുകൂടിയ ഇരുട്ടിനെ, കൊളുത്തിവച്ച കൈത്തിരിവെട്ടത്തില്‍ അലിയിക്കാനായിതാ വീണ്ടുമൊരു പാഴ്ശ്രമം.
ഓരോ ഋതുവിനും ഇവിടെ ഉന്മാദത്തിന്‍റെ  ഓരോ ചേഷ്ടകളാണെന്നു ഹൃദയം….
തുറന്നു വെച്ച ഹൃദയത്തിലും നിസ്സംഗതയുടെ കൊടും ശൈത്യം. അതില്‍ വിറങ്ങലിച്ചു കമ്പിളിയുടുത്ത ഒരാത്മാവും , കുറെ ആത്മബന്ധങ്ങളും.

പാതിനിറഞ്ഞ ഗ്ലാസിലെ ഒഴിഞ്ഞ പാതകളിലേക്കു കണ്ണയക്കുമ്പോള്‍   മനസ്സില്‍തെളിയുന്നത്  വ്യക്തതയുള്ള തുടക്കങ്ങളും മങ്ങിയ ഒടുക്കങ്ങളും മാത്രം….. അമര്‍ന്നിരുന്നു  അകാരാദിക്രമത്തില്‍ പണിപ്പെട്ടു എണ്ണിയിട്ടും ചുവന്ന ഹൃദയങ്ങള്‍ നന്നേ വിരളം… ഇവിടെ മനുഷ്യഹൃദയങ്ങള്‍ക്കിന്നു  നിറം കറുപ്പാണ് . തലച്ചോറിലേക്ക് തുറന്നുവച്ച ഹൃദയംകൊണ്ടു ഇരുകാലികള്‍ പ്രേമത്തിന്‍റെ  കൊള്ളകൊടുക്കലുകള്‍ നടത്തുന്നു.
ഒരുപക്ഷേ , പടവെട്ടിയ കൊടുംയുദ്ധങ്ങള്‍ എല്ലാംതന്നെ സ്വമനസ്സിനോട് തന്നെയായിരുന്നു എന്ന തിരിച്ചറിവാകാം ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കണ്ടുപിടുത്തം .

ഹൃദയത്തില്‍ മെല്ലെ പടരുന്ന കറുത്ത ചായക്കൂട്ടുകളെ ബ്രാണ്ടിയില്‍ താണുപോകുന്ന ഐസ്കട്ടപോലെ അലിയിച്ചുകളയാന്‍   കഴിഞ്ഞിരുന്നുവെങ്കില്‍ …..മനസ്സിനോട് പൊരുതിവരിച്ച പാര്‍ശീയ മരണത്തിലെന്നപോലെ , സ്പര്‍ശബോധം നിലച്ചുതുടങ്ങിയ വിരല്ത്തുമ്പാല്‍   ഗ്ലാസ്സില്‍ അവശേഷിച്ച ബ്രാണ്ടി ഉയര്‍ത്താന്‍  ഓങ്ങവേ , മേശപ്പുറത്ത് എനിക്കായുണ്ടാവും എന്നുകരുതിയ  അവസാന തീനാളവും അണഞ്ഞു…

നീതി.

 

നീതിതേടിയുള്ള അലച്ചിലുകള്‍ ഇരുട്ടറയില്ലുള്ള സഞ്ചാരങ്ങള്‍ ആണെന്ന് പലപ്പോഴും എനിക്കുതോന്നാറുണ്ട്. ഉള്ളില്‍ അമര്‍ത്തിയ ആസക്തികളുമായി മനുഷ്യപ്പറ്റില്ലാത്ത നാം പച്ചമനുഷ്യരെ ആടും പട്ടിയുമോക്കെയാക്കുന്നു. ഇവിടെ കീഴടക്കിയാല്‍ ലോകം ലാഭം! പക്ഷെ, കീഴടങ്ങിയാലോ ? അയല്‍ക്കാരെന്നു നാം അവകാശപെട്ടവര്‍, സ്വന്തമെന്നു നാം കരുതിയവര്‍, അങ്ങനെ എല്ലാമെല്ലാം എത്രകണ്ട് നമുക്ക് അപരിചിതങ്ങള്‍ ആണെന്നും, അവരുടെ പ്രകൃതങ്ങള്‍ എത്രകണ്ടു  വിചിത്രങ്ങള്‍ ആണെന്നും കാലം നമുക്ക് കാണിച്ചു തന്നുകൊന്ടെയിരിക്കുന്നു. ഊതിവീര്‍പ്പിച്ച പൊയ്മുഖങ്ങള്‍കെല്ലാം പേര് മനുഷ്യര്‍ എന്ന് കാറ്റ്..ജീവനില്ലാത്ത കളിപ്പാവയെപ്പോലെ അഭിനയിക്കുന്നതിനേക്കാള്‍ ഉചിതം അതിര്‍ത്തികള്‍ മെനയാത്ത സ്വപ്നകൂടിന്റെ ഏതെങ്കിലും ഒരു കോണില്‍ ഒതുങ്ങി ജീവിക്കുന്നതാണ്. പൊങ്ങച്ചങ്ങളെ കുത്തിപൊട്ടിച്ചു സ്വയം പരിഹസിക്കാന്‍ എനിക്ക് പഠിക്കണം. ആരോടും കാത്തുനില്‍ക്കാതെ പായുന്ന കാലത്തിനോട് സല്ലപിക്കുന്നതിനേക്കാള്‍ കലഹിക്കാനാണ്‌ എനിക്കിഷ്ടം. കഥയെന്തായാലും ഒന്നുറപ്പാണ് : ” നീതിയില്ലാതെ സമാധാനം ഇല്ല”.

സ്വപ്നം.

 

നിന്‍റെ കരഞ്ഞുകലങ്ങിയ കണ്ണുകളാണ് ഞാനിന്നു സ്വപ്നം കണ്ടത്…
അങ്ങ് കാതങ്ങള്‍ അകലെ വികാരചൂടില്‍ വിണ്ടുകീറിയ ഒരു തരിശുഭൂമി.
അതിന്‍റെ ഒത്ത നടുവിലായി ഒരു പടുവൃക്ഷം.
ഫലഭൂഷ്ടതയുടെ വസന്തം ആ വന്‍ വൃക്ഷത്തിന്‍റെ ഒരുപാതി അലങ്കരിച്ചപ്പോള്‍,
മറുപാതി വേനലിന്‍റെ  വിഭലതകളായിരുന്നു..
മൌനം ഭക്ഷിക്കുന്ന പക്ഷികള്‍ അതിന്‍റെ നഗ്നശിഘരങ്ങളില്‍ കൂടുകൂട്ടിയിരുന്നു.
മഴയും കാറ്റും വന്നും പോയുമിരുന്നു..
പരിമിതികളുടെ അളവുകോലാല്‍ അളക്കപ്പെട്ടു നേര്‍പാതി അറുത്തു മാറ്റുവാന്‍
വിധിക്കപ്പെട്ട ആ വടവൃക്ഷം വീണ്ടും എന്തിനോവേണ്ടി തണല്‍ വിരിച്ചു .
പോക്കുവെയില്‍ കാഞ്ഞുനിന്ന  നന്‍മതിന്‍മകളുടെ ആ വൃക്ഷത്തിന്‌
പ്രകാശം  ചൊരിഞ്ഞുകൊണ്ടിരുന്നത് അവളുടെ കണ്ണുകളായിരുന്നു..
കരഞ്ഞുകലങ്ങിയ, മിഴിവുള്ള നല്ല അരുമനയനങ്ങള്‍…
പ്രണയം ചിലപ്പോഴെങ്കിലും സ്വപ്‌നങ്ങള്‍ പോലെയാണ് .
അനുവാദം ചോദിക്കാതെ കടന്നു വരുമ്പോഴും,
യാത്ര ചോദിക്കാന്‍ മിനക്കിടാതെ വിടവങ്ങുമ്പോഴും,
ദിവ്യപ്രണയങ്ങള്‍ ഓര്‍മയുടെയും മറവിയുടെയും ഇടയില്‍
നേര്‍ത്ത വരകളായി മാറുന്നു..
പുതുമഴയില്‍ മണ്ണിനെ പുല്‍കുന്ന ആലിപ്പഴം കണക്കെ നിന്‍റെ പ്രണയം
സുഖമുള്ള ഒരു തണുപ്പായി അലിഞ്ഞില്ലതാവുന്നത് ഞാന്‍ അറിയുന്നുണ്ട്‌.
എങ്കില്ലും, എന്‍റെ ഭൂതകാലത്തില്‍ നീ പാകിയ ഓര്‍മ്മകള്‍
വള്ളികളായി എന്നെ വരിയുന്നു.
കാലത്തിനൊത്ത് അവയുടെ ഇലകള്‍ കൊഴിയുന്നു, വീണ്ടും തളിര്‍ക്കുന്നു.
ഞാന്‍ അവയ്ക്കിന്നും വെള്ളം കോരുന്നു..
എല്ലാം വെറും തോന്നലുകള്‍ മാത്രം !
സ്വപ്നങ്ങളും, മോഹങ്ങളും,മായികകാഴ്ച്ചകളും അങ്ങനെ എല്ലാമെല്ലാം
ആയുര്‍ദൈര്‍ഖ്യം തീരെയില്ലാത്ത ഭ്രാന്തമായ തോന്നലുകള്‍.
അപ്രതീക്ഷിതമായ തോന്നലുകള്‍ അതിഥികളായെത്തുന്ന  മണ്ടത്തരങ്ങളുടെ
ഒരു സുഖവാസകേന്ദ്രമാണ് ഈ ചെറുജീവിതം.
അവിടെ കണ്ടുമുട്ടുവാനും പിരിയാനും വിധിക്കപ്പെട്ട നാം മനുഷ്യര്‍!
ഉച്ചവെയില്‍ കനത്തു ….
സ്വപ്നം മുറിഞ്ഞു …
നീ ഒരു തോന്നലാണെന്നറിഞ്ഞിട്ടും,
ആ സ്വപ്നത്തെ സ്നേഹിക്കുന്നവന്‍ ഞാന്‍ …

വിശ്വാസത്തിന്‍റെ അടയാളം

യാത്ര ചെയ്യാന്‍ വിധിക്കപ്പെട്ടവരാണ് മനുഷ്യര്‍.
തുടക്കം മുതല്‍ ഒടുക്കം വരെ അവന്‍പോലും അറിയാതെ അവന്‍ ഒഴുകുന്നു.
മഴ മണ്ണിലേക്കെന്നപോലെ,പുഴ കടലിലേക്കെന്നപോലെ,
കുന്നില്‍നിന്നും കുഴിയിലേക്ക്,കയറ്റങ്ങളില്‍നിന്നും ഇറക്കങ്ങളിലേക്ക്,
കലങ്ങിമറിഞ്ഞു വിദൂരങ്ങളിലേക്ക് നാം ഒഴുകിക്കൊണ്ടേയിരിക്കുന്നു.
പൂര്‍ണതയുടെ മഹാസാഗരം തേടിയുള്ള ഭിക്ഷാടനമാണ് ഇവിടെ ഓരോ ജീവിതവും.
ഒരുപക്ഷേ,ഇരുകാലികളുടെ അപൂര്‍ണതകളാവാം അവനെ അലയാന്‍ പ്രേരിപ്പിക്കുന്നത്.
ഇരുട്ടില്‍ കാഴ്ചതേടുന്ന നാം കര്‍മത്തിന്‍റെ പെരുവഴികളില്‍ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കള്‍  മാത്രം,
സത്യത്തിന്‍റെ അപ്പകഷണങ്ങള്‍ മണത്തലയുന്ന തെരുവ് തെണ്ടികള്‍.
ഉറഞ്ഞുപോയ മനക്കല്ലില്‍ എന്നോ കോറിയിട്ട വിശ്വാസസത്യങ്ങള്‍
കാലപ്രവാഹത്തില്‍ മാഞ്ഞുതുടങ്ങിയിരിക്കുന്നു.
പ്രത്യയശാസ്ത്രങ്ങളുടെ വിജാഗിരികളില്‍ തുരുമ്പ്.
എങ്ങുതിരിഞ്ഞാലും ചിതലും മാറാലയും.
ഇവിടെ മതങ്ങളുടെ അഴുക്കുചാലുകളില്‍ വിശ്വാസികള്‍ ജീര്‍ണിക്കുന്നു.
കൃമികള്‍ നുളക്കുന്നു, പുഴുക്കള്‍ നുരക്കുന്നു.
ഗുരുവേ, ശാശ്വതസത്യമെന്നത് കല്ലുവച്ച മിഥ്യയോ?
ജനനം മുതല്‍ക്കേ പരിമിതികളുടെ ചങ്ങലകളില്‍ തളച്ചിട്ട മനുഷ്യനെ
എന്നെന്നേക്കുമായി മോചിപ്പിക്കുന്നതെന്താണോ, അതാണ്‌ സത്യം !
അതെ, എല്ലാ അപൂര്‍ണതകള്‍ക്കും വിരാമമിടുന്ന പൂര്‍ണതയുടെ ബിന്ദുവാണ് സത്യം.
ആ ബിന്ദുവില്‍ ഓര്‍മ്മകള്‍ എന്നെന്നേക്കുമായി ദൂരസ്ഥങ്ങളാവുന്നു.
വൃദ്ധതയും വിഭലതയും,യാഥാര്‍ത്ഥ്യത്തിന്‍റെ മൂടുപടങ്ങളും ഉരിഞ്ഞുമാറ്റി
അവന്‍ നഗ്നനായി വീണ്ടും പിറവികൊള്ളുന്നു .
വിസ്തൃതമായ ഒരുവന്‍റെ ഏകാന്തലോകത്തുനിന്നും ആ ബിന്ദുവില്‍
ആദ്യമായി അവന്‍ സ്വാതന്ത്ര്യം വരിക്കുന്നു.
മനുഷ്യന്‍ പരാശക്തിയില്‍ ലയിക്കുന്നു,
അലിഞ്ഞില്ലാതാവുന്നു…
പ്രകൃതിയുടെ ആധാരമാണ് ആ പരമസത്യം.
മരണമേ നീയാണാ ശാശ്വതസത്യം!
ജനിച്ചവരെല്ലാം ഒരുനാള്‍ മരിക്കും.
എങ്കിലും അഞ്ജരായ മനുഷ്യര്‍ മരണത്തോട് മല്ലടിക്കുന്നു.
മരണത്തെ വിദ്വേഷിക്കാതെ പരിണയിക്കുന്നവനാണ് വിശ്വാസി.
മരുപ്പച്ചയോടടുക്കുന്ന ഒട്ടകത്തെപ്പോലെ മരണത്തെപ്രാപിക്കുന്ന ഒരുവനില്‍ ആര്‍ദ്രത നിറയണം.
നിന്‍റെ സമയമടുക്കുമ്പോള്‍ മരിക്കുക,അഭിമാനത്തോടെ..
അവള്‍  സര്‍വ്വസംബൂര്‍ണയായി  നിന്നെ കനിഞ്ഞനുഗ്രഹിക്കുമ്പോള്‍
നിറഞ്ഞ മനസോടെ പുഞ്ചിരിക്കുക.
നീ എന്തിലെങ്കിലും വിശ്വസിച്ചിരുന്നു എന്നതിന്‍റെ തെളിവാകട്ടെ ആ പുഞ്ചിരി.
മരണസമയത്തെ പാല്‍പുഞ്ചിരിയവട്ടെ നിന്‍റെ വിശ്വാസപ്രമാണം.
അതുതന്നെയാവട്ടെ, നിന്‍റെ വിശ്വാസത്തിന്‍റെ അടയാളവും..

മഴത്തുള്ളി..

 

കടലോളം ജ്ഞാനം പേറുന്ന ഒരു ചെറു മഴത്തുള്ളി..
 നീ ജീവന്‍റെ വറ്റാത്ത ഉറവയാണ് .
ചെറുത്‌ ആവുംതോറും വലുതാകുന്ന നിന്‍റെ യാത്ര ഒരു തെങ്ങും തടത്തില്ലും ഒടുങ്ങുന്നില്ല..
കുളമായി, പുഴയായി,തടാകമായി നീ അങ്ങനെ ഉയിരിന്‍റെ മഹാസാഗരമായി.
ഉയരങ്ങളിലേക്ക് ഉയിര്‍ത്തു സ്വര്‍ഗവാതിലും കണ്ടു നീ എന്തിനു തണുത്തുറഞ്ഞു എളിമയുടെ പാതാളത്തിലേക്ക്‌ വീണ്ടും പെയ്തിറങ്ങുന്നു?
 മനുഷ്യന്റെ അടങ്ങാത്ത പ്രതീക്ഷയുടെ കാണികയാണോ നീ, അതോ ഉടയതമ്പുരാന്റെ വറ്റാത്ത കണ്ണുനീരോ ?

മുഖപുസ്തകം..

സമയം പാതിരാത്രി.

ഉറക്കച്ചടവിന്‍റെ രണ്ടാം ദിവസത്തിന് തിരശീലയിട്ടുകൊണ്ടു അയാള്‍ കണ്ണുകള്‍ ഇറുക്കി അടച്ചു.
ഈയിടയായി കണ്ണടച്ചാലും തുറന്നാലും നീല നിറമാണ്‌ !
അനന്ത നീലിമയാര്‍ന്ന ആകാശവും, ആഴക്കടലിന്‍റെ അഗാതനീലിമയും  അയാള്‍ എന്നേ മറന്നുകഴിഞ്ഞു…
നീല പൊന്മാനും,നീലതാമരകളും അയാള്‍ കെട്ടിയ ഭിത്തികളില്‍ ചില്ലുപടങ്ങള്‍ മാത്രം…
കൃഷ്ണഭക്തന്‍ പോലുമല്ലാത്ത നമ്മുടെ കഥാനായകന് ഈ നീലപ്രതിഭാസം ഒരു പുതിയതരം ആസക്തിയാണ്‌.
അതെ, മുഖപുസ്തകത്തില്‍ പേരു ചേര്‍ത്തതില്‍ പിന്നെ അയാള്‍ ഇങ്ങനെയാണ്.
സ്വര്‍ണ്ണ മത്സ്യമായ ആഞ്ജലീന ജൂലി മുതല്‍ അങ്ങാടികവലയിലെ അന്തപ്പന്‍ വരെ ഈ നീലാശയത്തില്‍ മുങ്ങിതുടിക്കുന്നു,
പിന്നെയല്ലേ ഈ പൂഞാട്ടിയായ ഞാന്‍ !
പച്ചപരമാര്‍ത്ഥത്തിനു  അയാള്‍ വീണ്ടും നീലചായം അടിച്ചുകൊണ്ടേ ഇരുന്നു .
മനസിന്‍റെ കണ്ണാടിയാണ് മുഖമെന്നു വല്യമ്മച്ചി എപ്പോഴും പറയും…
ആ കണ്ണാടിയിലും നീലം പുരണ്ടിരിക്കുന്നു.
ഇന്ന് മനസ്സെവിടെ മുഖമെവിടെ ?
മുഖപുസ്തകത്തിലെ മുഖങ്ങള്‍ വായിക്കാന്‍ തുടങ്ങിയതില്‍പിന്നെ മുഖങ്ങളെക്കാള്‍ മുഖംമൂടികളുള്ള ഏതോ മയികലോകത്താണ് അയാള്‍ .
ചായം പൂശിയ മുഖങ്ങള്‍ ഇവിടെയും തെയ്യം ചവിട്ടാറുണ്ട്.
തൊലിപ്പുറത്തെ കരിവാളിപ്പുകള്‍ പകല്‍പോലെ ഇങ്ങും പ്രകടം.
ഇവിടെ നേരം ഇരുട്ടി വെളുക്കുമ്പോള്‍ കറുത്തവര്‍ വെളുക്കുന്നു!
മഞ്ഞളിച്ച മുഖങ്ങളുടെ ചേഷ്ടകളും ഗോഷ്ടികളും മന്ദസ്മിതം പൂകുന്ന ഇവിടെ,
വംശസ്ഥാപനതിനുള്ള ആവേശങ്ങള്‍ക്കു തെല്ലും കുറവില്ല..
കരള്‍ തുടിക്കുന്ന അലര്‍ച്ചകള്‍, തൊണ്ട ഇടറുന്ന വില്ലാപങ്ങള്‍…
അനുഭവ വൈകവേദ്യമായ ഈ നീലലോകത്തില്‍
ദാഹമോഹങ്ങള്‍ക്ക് വിശ്വാസ്യമായ നിരപരാധിത്വത്തിന്റെ മൂടുപടം.
മുഴുഭ്രാന്തിന്‍റെ സമതലങ്ങളില്‍
ഇടക്കാലാശ്വാസത്തിന്റെ അഭിലാഷകോട്ട പണിഞ്ഞു സ്വയം പുകഴ്ത്തലിന്‍റെ  ആത്മരതി പൂകുന്ന
യൗവനപ്പുളപ്പിന്‍റെ പേക്കൂത്തുകള്‍ !
ഇവിടെ അധസ്ഥിതരില്ല, അപ്പനപ്പൂപ്പന്മാര്‍ ഇല്ലേ ഇല്ല.
രോഗികളും പീഡിതരും മരുന്നിനു പോലുമില്ല ..
എന്നിട്ടും ക്രിസ്തുവും ബുദ്ധനും നബിയുമെല്ലാം ഇവിടുത്തെ ഇടവഴികളില്‍ ലക്‌ഷ്യം ഇല്ലാതെ  അലഞ്ഞുതിരിയുന്നു….
ഇതു കലിയുഗത്തിലെ കഥയല്ല !
മുഖപുസ്തകത്തിലെ കടും നീലകൊണ്ടു യാഥാര്‍ത്ഥ്യത്തെ മറക്കുവാന്‍ അയാളും പടിച്ചുകഴിഞ്ഞിരിക്കുന്നു.
അല്‍പ്പത്വത്തിന്റെ കുടയും ചൂടി അറിവില്ലായ്മയുടെ നൂല്‍പാലത്തിലൂടെ വേച്ചു വേച്ചു നടക്കാന്‍ തുടങ്ങിയിട്ട് ഇന്നു വര്‍ഷം നാല് !

ജീവിതം സ്നേഹമായിത്തീരട്ടെ..

 

 

മരിക്കുമ്പോഴാണ്‌ ഒരു മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ ജനിക്കുന്നത്

എന്ന് പറയാതെ പറഞ്ഞ ക്രിസ്തു .
എങ്ങനെയൊക്കെ കൂട്ടി വായിച്ചാലും നിരാശയില്‍ പ്രത്യാശയാണ്
ഈ മനുഷ്യസ്നേഹിയുടെ അവസാന വാക്കുകള്‍.
വീടും കൂടും വിട്ടു നാടായ നാടുമുഴുവന്‍ അലഞ്ഞു നീ കണ്ണില്‍ കണ്ടവരെ എല്ലാം സ്നേഹിച്ചു.
അവസാനം, ആട്ടും തുപ്പും ബാക്കിയാക്കി ഉറ്റവരുടെ സ്നേഹ തിരസ്കരണം.
രാപകലില്ലാതെ മാറോടു ചേര്‍ത്ത് കിടത്തിയ ഉറ്റ സ്നേഹിതന്‍ തള്ളിപ്പറഞ്ഞപ്പോള്‍
ചങ്കു പൊട്ടിയ ഒരു മനുഷ്യന്‍.
ഒരു മനുഷ്യായുസ് കൊണ്ടു പറഞ്ഞു പഠിപ്പിച്ച പാഠങ്ങളെല്ലാം കാറ്റില്‍ പറത്തി
നാലുപാടും ഓടിയ പ്രിയ ശിഷ്യരെ ഓര്‍ത്തു പരാജിതനായ  ഗുരു.
ത്യാഗത്തിന്റെ ഗിരി ശ്രിങ്കതിലേക്ക്  കുരിശും ചുമന്നു കയറിയപ്പോഴും
പ്രിയപ്പെട്ടവരുടെ പിറുപിരുപില്‍ നിഴലിച്ച പരിഹാസം,
പുറന്തള്ള പെട്ടവന്റെ ഒറ്റപെടല്‍.
മരണാവകാശം ആയ ഒരിറ്റു ദാഹജലം പോലും നിരസിക്കപെട്ട
ഒരു മഹായോഗി.
എന്നിട്ടും അവന്‍റെ കണ്ണുകളില്‍ പരാതിയില്ല, ഒരിറ്റു പരിഭവമില്ല.
ഒടുക്കം, പൂര്‍ത്തീകരണത്തിന്റെ ഒരു നിശ്വാസം.
” എല്ലാം പൂര്‍ത്തിയായി”
സര്‍വതും തകര്‍ന്നു അടിഞ്ഞപ്പോഴും എല്ലാം പൂര്‍ത്തിയാക്കിയവന്റെ സംതൃപ്തി …
അതാണ്‌ ക്രിസ്തു!
മഹാത്യാഗിയായ അങ്ങയുടെ സ്നേഹത്തെ കുരിശില്‍ തറക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
ഇനിയാര്‍ക്കൊട്ടു കഴിയുകയുമില്ല…

ഗുരു

മനുഷ്യ ജന്മങ്ങള്‍ക്ക് നാല്‍ക്കാലികളുടെ വില പോലും ഇല്ലാത്ത ഒരു കാലത്ത്,
കാലിത്തൊഴുത്തില്‍  അങ്ങ് ജനിച്ചു.
പിറവി  മുതല്‍ മരണം വരെ പരമ ദാരിദ്രത്തില്‍ ജീവിച്ചു.

ഹൃദയം തകര്‍ന്ന പച്ചമനുഷ്യരെ ആള്‍ക്കൂട്ടത്തില്‍ പരതിയിരുന്ന അങ്ങയുടെ കണ്ണുകളില്‍ ഏതോ മഹാസാഗരത്തിന്റെ ആര്‍ദ്രത.

 ഒടുവില്‍ ശിഷ്യരുടെ പാദങ്ങള്‍ കഴുകി, പരസ്നേഹത്തിന്റെ വിത്ത് വിതച്ച ഗുരുവേ,
നിനക്ക് തുല്യം, നീ മാത്രം!
എങ്കില്ലും ഒന്ന് ചോദിക്കട്ടെ,
എന്തിനു നീ നന്ദി കെട്ട ഇരുകാലികളെ ഇത്രമാത്രം സ്നേഹിച്ചു?
ഞങ്ങള്‍ മനുഷ്യര്‍…
കൊടും വേനലില്‍ മകരചൂടിനെ ഇടതടവില്ലാതെ പ്രാകുകയും,
ബദല്‍ മഴയെ ശപിക്കുകയും ചെയ്യുന്ന ഞങ്ങള്‍ മനുഷ്യര്‍.
തിന്‍മ പ്രവര്‍ത്തിക്കുന്ന ഏവനും നല്ലവനായ ദൈവത്തിന്‍റെ മുന്‍പില്‍ സ്വീകാര്യനാണ്,
മാത്രമല്ല, അവിടുന്ന് അവനില്ലും പ്രസാദിക്കുന്നു എന്ന് പാടുമ്പോഴും,
നീതിയുടെ ദൈവമെവിടെ എന്ന് ചോദിക്കുന്ന ഞാനും ഒരു മനുഷ്യന്‍.
ഒരു പക്ഷെ, ഞങ്ങളിലെ അപൂര്‍ണതകളെ ആവാം അങ്ങ് സ്നേഹിച്ചത്.
അല്ലെങ്കില്‍,
ആരെയും ഒരു വട്ടം പോലും പഴിക്കാതെ,
ഒന്നും ഉരിയാടാതെ,
ആ ക്രുശീകരണം.
“മഹാ ഗുരുവേ, അങ്ങേക്ക് തുല്യം അങ്ങ് മാത്രം”

നീ..

Image

നിന്നെ ആദ്യമായി കണ്ടുമുട്ടിയ ആ വഴിയോരങ്ങളിലേക്ക് പ്രയാണം തുടങ്ങിയിട്ട് കാലം ഏറെ കഴിഞ്ഞിരിക്കുന്നു .
മനക്കോട്ട കെട്ടി നിന്നെ അതില്‍ ഇരുത്തുവാനല്ല.
പിന്നെയോ ,നിന്‍റെ ഒരുപിടി നല്ല ഓര്‍മ്മകള്‍ കൊണ്ട് മെനഞ്ഞെടുത്ത നേരിന്‍റെ മണമുള്ള  ഓല കുടില്ലില്‍ അന്തിയുറങ്ങാന്‍.
എന്നെങ്കില്ലും,എവിടെയെങ്കില്ലും വച്ച് നിങ്ങള്‍ അവനെ തിരിച്ചറിഞ്ഞാല്‍ ,
പ്രതീക്ഷയുടെ ഒരു വിത്ത് എനിക്കായും വിതക്കുക..
“ഇന്ന് നാന്‍ എവിടെയാണ് ഉള്ളതെന്ന്”.
ദയാനുകംബയുടെ നോട്ടങ്ങള്‍ കൊണ്ടു വഴിയാത്രക്കാരാ  നീ എന്നെ വീണ്ടും വൃന്നപ്പെടുത്തരുതെ..
നിന്‍റെ മുനവച്ച നോട്ടത്തിനു ആയിരം സൂര്യനാളങ്ങലെക്കള്‍ മൂര്‍ച്ച.
എനിക്ക് ഭ്രാന്തില്ല . എല്ലാം തകര്‍ന്നവളുമല്ല ഞാന്‍.
പ്രത്യുത, ഹൃദയം തകര്‍ന്ന മറ്റൊരുവള്‍ മാത്രം .
ഈ കുടിലിന്റ്റെ തണുത്ത ചാണക തറയില്‍ നിന്‍റെ ചുടു ചുംബനത്തിന്റെ പ്രകമ്പനങ്ങള്‍.
വിണ്ടു പൊട്ടിയ മണ്‍ ചുവരുകളില്‍ നിന്‍റെ നിറഭേദങ്ങള്‍.
നാളിതുവരെ ഞാന്‍ പോയ വഴികള്‍ എല്ലാം എന്തുകൊണ്ടു ഈ കുടിലിന്റെ മുന്‍പില്‍ വന്നൊടുങ്ങുന്നു?
ഇവിടം മുഴുവന്‍ നീ ആണ് ….            നീ മാത്രം !
എന്നെങ്കില്ലും നിന്‍റെ ഉറക്കമൊഴിഞ്ഞ രാത്രികളില്‍ എന്നെ ഓര്‍ത്താല്‍ ,
എപ്പോഴെങ്കില്ലും ഈ ഭൂമിയുടെ ഏതു കോണിലാവും ഞാന്‍ എന്ന് ഒരിറ്റു ആശ്ച്ചര്യപെട്ടാല്‍…
ഒരു പക്ഷെ , എന്നില്‍ നീ വേരോടിയ ആ പഴയ വഴിയോരങ്ങളിലേക്ക് നിന്‍റെ മനകണ്ണ് ഇറുക്കി അടക്കാതിരുന്നാല്‍…
നിനക്ക് എന്നെ കാണാന്‍ ആവും .
ആ പഴയ ഇടവഴികളും ,
അതിന്‍റെ ഓരം പറ്റി ഒരു ചെറ്റ കുടിലും ,
പിന്നെ നിന്‍റെ വരവും കാത്തു കിടക്കുന്ന ഞാനും.
നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു.
മറ്റൊരു യാത്രക്കുള്ള ജീവന്‍ എന്‍റെ ഞരമ്പില്‍ തുടിക്കുന്നുണ്ടോ എന്ന സംശയം എന്നെ അല്ലട്ടുന്നുണ്ട് .
ഇല്ല , ഇനിയൊരു യാത്രയില്ല .എന്തുകൊണ്ടെന്നാല്‍……………
“നിന്നില്‍ ഒടുങ്ങാത്ത ഒരു വഴിയും എന്നില്‍ ഇന്നു ശേഷിക്കുന്നില്ല”!

Previous Older Entries

Follow Antomaniax's Blog on WordPress.com

Top Rated