കറുത്ത ഹൃദയങ്ങള്‍.

Image

 

കത്തിച്ചുവച്ച ഒരു മെഴുകുതിരിയുടെ ഇത്തിരിവെട്ടത്തില്‍ പെരുമഴയും ഇളകി മറിയുന്ന കടലും….
ഉള്ളില്‍ ഉറഞ്ഞുകൂടിയ ഇരുട്ടിനെ, കൊളുത്തിവച്ച കൈത്തിരിവെട്ടത്തില്‍ അലിയിക്കാനായിതാ വീണ്ടുമൊരു പാഴ്ശ്രമം.
ഓരോ ഋതുവിനും ഇവിടെ ഉന്മാദത്തിന്‍റെ  ഓരോ ചേഷ്ടകളാണെന്നു ഹൃദയം….
തുറന്നു വെച്ച ഹൃദയത്തിലും നിസ്സംഗതയുടെ കൊടും ശൈത്യം. അതില്‍ വിറങ്ങലിച്ചു കമ്പിളിയുടുത്ത ഒരാത്മാവും , കുറെ ആത്മബന്ധങ്ങളും.

പാതിനിറഞ്ഞ ഗ്ലാസിലെ ഒഴിഞ്ഞ പാതകളിലേക്കു കണ്ണയക്കുമ്പോള്‍   മനസ്സില്‍തെളിയുന്നത്  വ്യക്തതയുള്ള തുടക്കങ്ങളും മങ്ങിയ ഒടുക്കങ്ങളും മാത്രം….. അമര്‍ന്നിരുന്നു  അകാരാദിക്രമത്തില്‍ പണിപ്പെട്ടു എണ്ണിയിട്ടും ചുവന്ന ഹൃദയങ്ങള്‍ നന്നേ വിരളം… ഇവിടെ മനുഷ്യഹൃദയങ്ങള്‍ക്കിന്നു  നിറം കറുപ്പാണ് . തലച്ചോറിലേക്ക് തുറന്നുവച്ച ഹൃദയംകൊണ്ടു ഇരുകാലികള്‍ പ്രേമത്തിന്‍റെ  കൊള്ളകൊടുക്കലുകള്‍ നടത്തുന്നു.
ഒരുപക്ഷേ , പടവെട്ടിയ കൊടുംയുദ്ധങ്ങള്‍ എല്ലാംതന്നെ സ്വമനസ്സിനോട് തന്നെയായിരുന്നു എന്ന തിരിച്ചറിവാകാം ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കണ്ടുപിടുത്തം .

ഹൃദയത്തില്‍ മെല്ലെ പടരുന്ന കറുത്ത ചായക്കൂട്ടുകളെ ബ്രാണ്ടിയില്‍ താണുപോകുന്ന ഐസ്കട്ടപോലെ അലിയിച്ചുകളയാന്‍   കഴിഞ്ഞിരുന്നുവെങ്കില്‍ …..മനസ്സിനോട് പൊരുതിവരിച്ച പാര്‍ശീയ മരണത്തിലെന്നപോലെ , സ്പര്‍ശബോധം നിലച്ചുതുടങ്ങിയ വിരല്ത്തുമ്പാല്‍   ഗ്ലാസ്സില്‍ അവശേഷിച്ച ബ്രാണ്ടി ഉയര്‍ത്താന്‍  ഓങ്ങവേ , മേശപ്പുറത്ത് എനിക്കായുണ്ടാവും എന്നുകരുതിയ  അവസാന തീനാളവും അണഞ്ഞു…

Advertisements

Follow Antomaniax's Blog on WordPress.com

Top Rated