സ്വപ്നം.

 

നിന്‍റെ കരഞ്ഞുകലങ്ങിയ കണ്ണുകളാണ് ഞാനിന്നു സ്വപ്നം കണ്ടത്…
അങ്ങ് കാതങ്ങള്‍ അകലെ വികാരചൂടില്‍ വിണ്ടുകീറിയ ഒരു തരിശുഭൂമി.
അതിന്‍റെ ഒത്ത നടുവിലായി ഒരു പടുവൃക്ഷം.
ഫലഭൂഷ്ടതയുടെ വസന്തം ആ വന്‍ വൃക്ഷത്തിന്‍റെ ഒരുപാതി അലങ്കരിച്ചപ്പോള്‍,
മറുപാതി വേനലിന്‍റെ  വിഭലതകളായിരുന്നു..
മൌനം ഭക്ഷിക്കുന്ന പക്ഷികള്‍ അതിന്‍റെ നഗ്നശിഘരങ്ങളില്‍ കൂടുകൂട്ടിയിരുന്നു.
മഴയും കാറ്റും വന്നും പോയുമിരുന്നു..
പരിമിതികളുടെ അളവുകോലാല്‍ അളക്കപ്പെട്ടു നേര്‍പാതി അറുത്തു മാറ്റുവാന്‍
വിധിക്കപ്പെട്ട ആ വടവൃക്ഷം വീണ്ടും എന്തിനോവേണ്ടി തണല്‍ വിരിച്ചു .
പോക്കുവെയില്‍ കാഞ്ഞുനിന്ന  നന്‍മതിന്‍മകളുടെ ആ വൃക്ഷത്തിന്‌
പ്രകാശം  ചൊരിഞ്ഞുകൊണ്ടിരുന്നത് അവളുടെ കണ്ണുകളായിരുന്നു..
കരഞ്ഞുകലങ്ങിയ, മിഴിവുള്ള നല്ല അരുമനയനങ്ങള്‍…
പ്രണയം ചിലപ്പോഴെങ്കിലും സ്വപ്‌നങ്ങള്‍ പോലെയാണ് .
അനുവാദം ചോദിക്കാതെ കടന്നു വരുമ്പോഴും,
യാത്ര ചോദിക്കാന്‍ മിനക്കിടാതെ വിടവങ്ങുമ്പോഴും,
ദിവ്യപ്രണയങ്ങള്‍ ഓര്‍മയുടെയും മറവിയുടെയും ഇടയില്‍
നേര്‍ത്ത വരകളായി മാറുന്നു..
പുതുമഴയില്‍ മണ്ണിനെ പുല്‍കുന്ന ആലിപ്പഴം കണക്കെ നിന്‍റെ പ്രണയം
സുഖമുള്ള ഒരു തണുപ്പായി അലിഞ്ഞില്ലതാവുന്നത് ഞാന്‍ അറിയുന്നുണ്ട്‌.
എങ്കില്ലും, എന്‍റെ ഭൂതകാലത്തില്‍ നീ പാകിയ ഓര്‍മ്മകള്‍
വള്ളികളായി എന്നെ വരിയുന്നു.
കാലത്തിനൊത്ത് അവയുടെ ഇലകള്‍ കൊഴിയുന്നു, വീണ്ടും തളിര്‍ക്കുന്നു.
ഞാന്‍ അവയ്ക്കിന്നും വെള്ളം കോരുന്നു..
എല്ലാം വെറും തോന്നലുകള്‍ മാത്രം !
സ്വപ്നങ്ങളും, മോഹങ്ങളും,മായികകാഴ്ച്ചകളും അങ്ങനെ എല്ലാമെല്ലാം
ആയുര്‍ദൈര്‍ഖ്യം തീരെയില്ലാത്ത ഭ്രാന്തമായ തോന്നലുകള്‍.
അപ്രതീക്ഷിതമായ തോന്നലുകള്‍ അതിഥികളായെത്തുന്ന  മണ്ടത്തരങ്ങളുടെ
ഒരു സുഖവാസകേന്ദ്രമാണ് ഈ ചെറുജീവിതം.
അവിടെ കണ്ടുമുട്ടുവാനും പിരിയാനും വിധിക്കപ്പെട്ട നാം മനുഷ്യര്‍!
ഉച്ചവെയില്‍ കനത്തു ….
സ്വപ്നം മുറിഞ്ഞു …
നീ ഒരു തോന്നലാണെന്നറിഞ്ഞിട്ടും,
ആ സ്വപ്നത്തെ സ്നേഹിക്കുന്നവന്‍ ഞാന്‍ …
Advertisements

Follow Antomaniax's Blog on WordPress.com

Top Rated