വിശ്വാസത്തിന്‍റെ അടയാളം

യാത്ര ചെയ്യാന്‍ വിധിക്കപ്പെട്ടവരാണ് മനുഷ്യര്‍.
തുടക്കം മുതല്‍ ഒടുക്കം വരെ അവന്‍പോലും അറിയാതെ അവന്‍ ഒഴുകുന്നു.
മഴ മണ്ണിലേക്കെന്നപോലെ,പുഴ കടലിലേക്കെന്നപോലെ,
കുന്നില്‍നിന്നും കുഴിയിലേക്ക്,കയറ്റങ്ങളില്‍നിന്നും ഇറക്കങ്ങളിലേക്ക്,
കലങ്ങിമറിഞ്ഞു വിദൂരങ്ങളിലേക്ക് നാം ഒഴുകിക്കൊണ്ടേയിരിക്കുന്നു.
പൂര്‍ണതയുടെ മഹാസാഗരം തേടിയുള്ള ഭിക്ഷാടനമാണ് ഇവിടെ ഓരോ ജീവിതവും.
ഒരുപക്ഷേ,ഇരുകാലികളുടെ അപൂര്‍ണതകളാവാം അവനെ അലയാന്‍ പ്രേരിപ്പിക്കുന്നത്.
ഇരുട്ടില്‍ കാഴ്ചതേടുന്ന നാം കര്‍മത്തിന്‍റെ പെരുവഴികളില്‍ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കള്‍  മാത്രം,
സത്യത്തിന്‍റെ അപ്പകഷണങ്ങള്‍ മണത്തലയുന്ന തെരുവ് തെണ്ടികള്‍.
ഉറഞ്ഞുപോയ മനക്കല്ലില്‍ എന്നോ കോറിയിട്ട വിശ്വാസസത്യങ്ങള്‍
കാലപ്രവാഹത്തില്‍ മാഞ്ഞുതുടങ്ങിയിരിക്കുന്നു.
പ്രത്യയശാസ്ത്രങ്ങളുടെ വിജാഗിരികളില്‍ തുരുമ്പ്.
എങ്ങുതിരിഞ്ഞാലും ചിതലും മാറാലയും.
ഇവിടെ മതങ്ങളുടെ അഴുക്കുചാലുകളില്‍ വിശ്വാസികള്‍ ജീര്‍ണിക്കുന്നു.
കൃമികള്‍ നുളക്കുന്നു, പുഴുക്കള്‍ നുരക്കുന്നു.
ഗുരുവേ, ശാശ്വതസത്യമെന്നത് കല്ലുവച്ച മിഥ്യയോ?
ജനനം മുതല്‍ക്കേ പരിമിതികളുടെ ചങ്ങലകളില്‍ തളച്ചിട്ട മനുഷ്യനെ
എന്നെന്നേക്കുമായി മോചിപ്പിക്കുന്നതെന്താണോ, അതാണ്‌ സത്യം !
അതെ, എല്ലാ അപൂര്‍ണതകള്‍ക്കും വിരാമമിടുന്ന പൂര്‍ണതയുടെ ബിന്ദുവാണ് സത്യം.
ആ ബിന്ദുവില്‍ ഓര്‍മ്മകള്‍ എന്നെന്നേക്കുമായി ദൂരസ്ഥങ്ങളാവുന്നു.
വൃദ്ധതയും വിഭലതയും,യാഥാര്‍ത്ഥ്യത്തിന്‍റെ മൂടുപടങ്ങളും ഉരിഞ്ഞുമാറ്റി
അവന്‍ നഗ്നനായി വീണ്ടും പിറവികൊള്ളുന്നു .
വിസ്തൃതമായ ഒരുവന്‍റെ ഏകാന്തലോകത്തുനിന്നും ആ ബിന്ദുവില്‍
ആദ്യമായി അവന്‍ സ്വാതന്ത്ര്യം വരിക്കുന്നു.
മനുഷ്യന്‍ പരാശക്തിയില്‍ ലയിക്കുന്നു,
അലിഞ്ഞില്ലാതാവുന്നു…
പ്രകൃതിയുടെ ആധാരമാണ് ആ പരമസത്യം.
മരണമേ നീയാണാ ശാശ്വതസത്യം!
ജനിച്ചവരെല്ലാം ഒരുനാള്‍ മരിക്കും.
എങ്കിലും അഞ്ജരായ മനുഷ്യര്‍ മരണത്തോട് മല്ലടിക്കുന്നു.
മരണത്തെ വിദ്വേഷിക്കാതെ പരിണയിക്കുന്നവനാണ് വിശ്വാസി.
മരുപ്പച്ചയോടടുക്കുന്ന ഒട്ടകത്തെപ്പോലെ മരണത്തെപ്രാപിക്കുന്ന ഒരുവനില്‍ ആര്‍ദ്രത നിറയണം.
നിന്‍റെ സമയമടുക്കുമ്പോള്‍ മരിക്കുക,അഭിമാനത്തോടെ..
അവള്‍  സര്‍വ്വസംബൂര്‍ണയായി  നിന്നെ കനിഞ്ഞനുഗ്രഹിക്കുമ്പോള്‍
നിറഞ്ഞ മനസോടെ പുഞ്ചിരിക്കുക.
നീ എന്തിലെങ്കിലും വിശ്വസിച്ചിരുന്നു എന്നതിന്‍റെ തെളിവാകട്ടെ ആ പുഞ്ചിരി.
മരണസമയത്തെ പാല്‍പുഞ്ചിരിയവട്ടെ നിന്‍റെ വിശ്വാസപ്രമാണം.
അതുതന്നെയാവട്ടെ, നിന്‍റെ വിശ്വാസത്തിന്‍റെ അടയാളവും..
Advertisements

Follow Antomaniax's Blog on WordPress.com

Top Rated